വടകര: മൂരാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മ മരിച്ചു. പരേതനായ താനാട്ട് മീത്തല്‍ ബാലന്റെ മകള്‍ മോളിയാണ് (52) മരിച്ചത്. ഇന്നലെ രാവിലെ 11.24 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന കണ്ണൂര്‍ തെക്കെപാനൂര്‍ സ്വദേശികളായ ഷാഹില്‍ (18), അസിം (18), ബിലാല്‍ (17) എന്നിവരെ പരിക്കുകളോടെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാനൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ബ്രഹ്മജ്യോതി ട്രസ്റ്റ് ബോര്‍ഡ് ജീവനക്കാരിയാണ് മോളി. മൂരാട് ടാക്കീസ് റോഡില്‍ നിന്നും വടകര ഭാഗത്തേക്ക് പോകാന്‍ വേണ്ടി റോഡ് കുറുകെ കടന്ന് വടകര ഭാഗത്തേക്കുള്ള ഡിവൈഡറിനടുത്ത് നില്ക്കുമ്പോള് കോഴിക്കോട് ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന കാര്‍ അവരെ ഇടിക്കുകയായിരുന്നു.
മോളിയെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. ആശുപത്രിയിലേക്കുളള വഴിമധ്യേ മോളി മരണമടഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകരുകയും യുവാക്കള്‍ ഉള്ളില്‍ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാരും മറ്റു യാത്രക്കാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്.
മഴ പെയ്തു നനഞ്ഞുകിടക്കുന്ന റോഡിലൂടെ അമിതവേഗതയിലെത്തിയ കാര്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുന്നതും അവിടെ നിന്നിരുന്ന സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച് മറിയുന്നതും മറ്റൊരു കാറിന്റെ ഡാഷ് കാമറയില്‍ പതിഞ്ഞിട്ടുണ്ട്. മോളിയുടെ മാതാവ്: പരേതയായ നാരായണി. സഹോദരങ്ങള്‍: അനിത പയ്യോളി, സുധീഷ്, ഉഷ കളരിപടി, അനിഷ അയനിക്കാട്, അനില കണ്ണൂര്‍.